നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചിട്ടില്ല; ഒരു വ്യക്തിക്കും ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയില്ല: ബാബാ രാംദേവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിച്ച് രണ്ട് തരം ആളുകളെ സൃഷ്ടിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി യോഗ ഗുരുവും പതഞ്‌ജലി മേധാവിയുമായ ബാബ രാം ദേവ്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. തന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ച് രണ്ട് തരം ആളുകളെ സൃഷ്ടിക്കുകയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു.
‘മോദിയുടെ ഭരണത്തിന് കീഴിൽ രണ്ട് തരം ഇന്ത്യ സൃഷ്ടിക്കപ്പെട്ടു. ഏതാനും ശതകോടീശ്വരൻമാരുടെ ഒരു ഇന്ത്യയാണ് ഇന്ത്യയുടെ മുഴുവൻ ബിസിനസ്സും നിയന്ത്രിക്കുന്നത്, അവർക്ക് അവരുടെ സ്വപ്നങ്ങൾ എളുപ്പത്തിൽ നിറവേറ്റാനാകും. എന്നാൽ താഴെ കർഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ചായക്കടക്കാരും ഐടി പ്രൊഫഷണലുകളുമായ ദശലക്ഷക്കണക്കിന് ആളുകളുടെ മറ്റൊരു ഇന്ത്യയുണ്ട്, അവർക്കാർക്കും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയില്ല’ എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
ബാബാ രാംദേവിന്റെ വാക്കുകൾ ഇങ്ങിനെ: ‘മോദിജി ഒരിക്കലും രാജ്യത്തെ വിഭജിച്ചിട്ടില്ല, ഒരു വ്യക്തിക്കും ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയില്ല. ഒരു രാജ്യത്തെ ഒന്നിപ്പിക്കുക എന്ന് പറഞ്ഞാൽ രാജ്യം തകർന്നുവെന്നാണ്, അതേസമയം, ഇന്ത്യ ഇതിനകം ഐക്യത്തിലാണ്. ആഗ്രയിലെ ഒരു പ്രാദേശിക ഹോട്ടലിൽ നടന്ന ഒരു സ്വകാര്യ കമ്പനിയുടെ പരിപാടിയിലായിരുന്നു ബാബാ രാംദേവിന്റെ പരാമർശം.