നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയമാക്കും; ഗുജറാത്തിൽ പ്രകടന പത്രികയുമായി കോൺഗ്രസ്
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം എന്നാക്കുമെന്ന് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ പത്രികയിൽ സംസ്ഥാനത്തിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പ്രകടന പത്രികയെ ആദ്യമന്ത്രിസഭ യോഗത്തില്‍ തന്നെ ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
സംസ്ഥാനത്ത് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കും. വിധവകള്‍ക്കും വയോധികര്‍ക്കും 2000 രൂപ മാസം പെന്‍ഷന്‍ നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.3000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും. പിജി തലം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 3000 രൂപ തൊഴിലില്ലായ്മ വേതനം നല്‍കും. 500 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
ഇത്തവണ ഗുജറാത്തിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടവും അഞ്ചിന് രണ്ടാം ഘട്ടവും നടക്കും. അടുത്തമാസം എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.