രാഹുലിനെ അയോഗ്യനാക്കൽ; നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭാ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനെതിരെ നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം. രാജ്ഘട്ടിൽ രാവിലെ 10 മുതൽ കോൺഗ്രസ് നേതാക്കൾ സത്യഗ്രഹം ഇരിക്കും. പ്രതിഷേധത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
ഇതിന് പുറമെ വിവിധ സംസ്ഥാന ആസ്ഥാനങ്ങളിലും നേതാക്കൾ സത്യഗ്രഹമിരിക്കും. ഓരോ സംസ്ഥാനങ്ങളിലെയും നേതാക്കൾ ഈ സത്യഗ്രഹങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസവും ഇന്നുമായി കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് കോൺഗ്രസ് നടത്തിയത്. പലയിടത്തും പ്രതിഷേധം തുടരുകയാണ്.
ഇനി ഈ പ്രതിഷേധം ഒരു സത്യാഗ്രഹമാക്കി മാറ്റാനാണ് കോൺഗ്രസ് തീരുമാനം. വരുന്ന തിങ്കളാഴ്ച മുതൽ മറ്റ് പ്രത്യക്ഷ സമരങ്ങളിലേക്കും നീങ്ങുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത്. രാഹുൽ 2019ൽ കർണാടകയിൽ നടത്തിയ പ്രസംഗത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്.
നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ഇത്, മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബി.ജെ.പി എംഎൽഎയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.