പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

single-img
15 January 2023

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ‘കാലാവസ്ഥയും ദുരന്തനിവാരണവും’ എന്ന വിഷയത്തിൽ യുണീസെഫ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉഷ്ണക്കാറ്റ്, പേമാരി ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ സർവ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. ആഗോളതാപനവും വർദ്ധിക്കുന്നുണ്ട്. സമുദ്ര നിരപ്പിലെ വ്യതിയാനം സാരമായി ബാധിക്കുന്നുണ്ട്.

ഇവയുടെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്നതിനാൽ മുൻപെങ്ങും ഇല്ലാത്ത പ്രസക്തി ഈ വിഷയത്തിനുണ്ട്. മനുഷ്യരും പ്രകൃതിയും ഒത്തുപോകുന്ന ജീവിതക്രമത്തിലൂടേയും ശാസ്ത്രീയ മുൻകരുതൽ നടപടികളിലൂടേയും ദുരന്ത വ്യാപ്തി കുറയ്ക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.