നവകേരള ബസ് കോഴിക്കോട് – ബംഗളുരു റൂട്ടിൽ സർവ്വീസ് നടത്താൻ സാധ്യത തെളിയുന്നു
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളാ യാത്രയിൽ സഞ്ചരിച്ച നവകേരള ബസ് സർവ്വീസ് നടത്തുക കോഴിക്കോട് – ബംഗളുരു റൂട്ടിൽ ആയിരിക്കുമെന്ന് സൂചന. കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സർവീസിനായി ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയിൽ ആലോചന സജീവമാണ്.
സ്റ്റേജ് ക്യാരേജ് പെർമിറ്റാക്കാനുള്ള ബസിനെ നടപടികൾ പൂർത്തിയായാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബസ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് കൈമാറിയേക്കില്ലെന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. കോടികൾ മുടക്കി വാങ്ങിയ ബസ് ഉപയോഗിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് കെഎസ്ആർടിസി ഇക്കാര്യത്തിൽ നടപടികളാരംഭിച്ചത്.
കേരളാ സർക്കാരിൻറെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. യാത്രയ്ക്ക് ശേഷം ബസ് മ്യൂസിയത്തിൽ വെക്കാമെന്നും ബസിൻറെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു.
അറ്റകുറ്റപ്പണി കഴിഞ്ഞ ബസ് കെഎസ്ആർടിസി പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ ആണ് ഇപ്പോൾ ഉള്ളത്. നവകേരള ബസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു, മുഖ്യമന്ത്രിക്ക് ഇരിക്കാനായി സ്ഥാപിച്ച പ്രത്യേക സീറ്റ് നീക്കം ചെയ്തു. സീറ്റുകൾ പുനഃക്രമീകരിച്ച് യാത്രക്കാരുടെ ലഗേജിനും സ്ഥലമൊരുക്കിയിട്ടുണ്ട്.