ഇനി ഗരുഡ പ്രീമിയം; കോഴിക്കോട്- ബംഗളുരു റൂട്ടില്‍ മെയ് 5 മുതല്‍ നവകേരള ബസ് സര്‍വീസ് ആരംഭിക്കുന്നു
നവകേരള യാത്രയിൽ സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ചുമുതല്‍ അന്തർസംസ്ഥാന സര്‍വീസ് ആരംഭിക്കും. ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പ്രത്യേക സര്‍വീസായി കൊണ്ടുപോകും.
കോഴിക്കോട്- ബംഗളുരു റൂട്ടില്‍ ഈ മാസം 5മുതലാണ് ബസിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സര്‍വീസ് ഹിറ്റാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. സര്‍വ്വീസ് വിജയിച്ചാല്‍ ഈ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്.
നേരത്തെ കേരള സർക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. ഇനിമുതൽ ഗരുഡ പ്രീമിയം എന്ന പേരിലാകും ബസ് അറിയപ്പെടുക. ആകെ 26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും.
ഉച്ചയ്ക്ക് ശേഷം 2.30ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. സര്‍വീസിന് 1171 രൂപയാണ് സെസ് ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്ക്. ഇതോടൊപ്പം AC ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കേണ്ടിവരും.