യാത്ര ചെയ്യാൻ ആളില്ല; നവകേരള ബസിന്റെ സർവീസ് മുടങ്ങി
കെ എസ് ആർടിസിയുടെ നവകേരള ബസിന്റെ സർവീസ് ആദ്യമായി മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ബുക്ക് ചെയ്യാൻ ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. യാത്രയ്ക്കായി ആരും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആർടിസി നൽകുന്ന വിശദീകരണം.
മേയ് മാസം അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത് . നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയിൽ എസി ഫിറ്റ് ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.
ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു. ശുചിമുറി, വാഷ്‌ബേസിൻ, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനങ്ങളും ഒരുക്കിയിരുന്നു.