ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ് മാറുകയാണ്; അതിനെ വില കുറച്ച് കാണരുത്: മുഖ്യമന്ത്രി
നവകേരള സദസിനെ നെഞ്ചേറ്റിയ ജനങ്ങൾ വലിയൊരു പ്രവാഹമായാണ് ഓരോ സദസിലേക്കും എത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് പാനൂർ വാഗ്ഭടാനന്ദ നഗറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ് തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സദസിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ് മാറുകയാണ്. അതിനെ വില കുറച്ച് കാണരുത്. ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്.
ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായതു ജനങ്ങൾ, നാടാകെ നൽകി പിന്തുണ കൊണ്ടാണ്. ഓഖിയും നിപയും 2018ലെ നൂറ്റാണ്ടിലെ മഹാപ്രളയവും അതിരൂക്ഷമായ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയുടെ വ്യാപനവും എല്ലാം കൂടി കേരളം തകർന്നടിഞ്ഞുപോവുന്ന അവസ്ഥയിലായി.
ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തിൽ സംസ്ഥാനത്തിന് മതിയായ സഹായം കേന്ദ്രത്തിൽനിന്നു ലഭിച്ചില്ല. ഇത് ജനാധിപത്യ സംവിധാനത്തിൽ നടക്കാൻ പാടില്ലാത്തതാണ്. നമ്മുടെ ജനങ്ങൾ ഐക്യത്തോടെ പിന്തുണച്ചതിനാലാണ് തകർന്നടിഞ്ഞുപോകുമെന്ന് കരുതിയ നാട് തിരിച്ചുവരുന്നത് രാജ്യവും ലോകവും കണ്ടത്. കേരളം ഇത്തരം കാര്യങ്ങളെ നേരിടുന്നതിൽ മാതൃകയാണെന്ന് ലോകം വിലയിരുത്തി. ജനങ്ങളുടെ ഒരുമയും ഐക്യവും കൊണ്ടാണ് കേരളം അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൻജനാവലിയാണ് പാനൂർ വാഗ്ഭടാനന്ദ നഗറിലേക്ക് ഒഴുകിയെത്തിയത്. പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കാനായി 18 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.