സിലബസില്‍ നിന്നും മുഗള്‍ ചരിത്രം ഒഴിവാക്കി എന്‍സിആര്‍ടി

single-img
3 April 2023

ചരിത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എന്ന വിശദീകരണത്തിൽ പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിആര്‍ടി. രാജ്യത്തെ സിബിഎസ്ഇ, യുപി ഉള്‍പ്പെടെയുള്ള എല്ലാ ബോര്‍ഡുകളുടെയും എന്‍സിഇആര്‍ടി പിന്തുടരുന്ന മറ്റ് സംസ്ഥാന ബോര്‍ഡുകളുടെയും സിലബസില്‍ ഇനി മുതല്‍ ഈ മാറ്റമുണ്ടാകും.

2023-24 അധ്യായന വര്‍ഷത്തേക്കുള്ള സിലബസാണ് പരിഷ്‌കരിച്ചത്. പുതുക്കിയ പാഠ്യപദ്ധതിയില്‍, രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട അധ്യായങ്ങളും വിഷയങ്ങളുമാണ് എന്‍സിആര്‍ടി നീക്കം ചെയ്തത്. ഇതിനോടൊപ്പം തന്നെ 12-ാം ക്ലാസിലെ സിവിക്‌സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. സിവിക്‌സ് പുസ്തകത്തിലെ ലോക രാഷ്ട്രീയത്തിലെ യുഎസ് മേധാവിത്വം, ശീതയുദ്ധ കാലഘട്ടം തുടങ്ങിയ അധ്യായങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്.

12-ാം ക്ലാസിലെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം എന്ന പാഠപുസ്തകത്തില്‍ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഒറ്റകക്ഷി രാഷ്ട്രീയ കാലഘട്ടം എന്നീ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 12-ാം ക്ലാസിനൊപ്പം പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് പാഠപുസ്തകത്തില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനവും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ എന്നീ വിഷയങ്ങളും ഒഴിവാക്കി.