പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയല്ലാതെ മറ്റൊരാളെ നിർത്താൻ എൻഡിഎയ്ക്ക് കഴിയില്ല; വിമർശനവുമായി ഉദ്ധവ് താക്കറെ
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയല്ലാതെ മറ്റൊരാളെ നിർത്താൻ എൻഡിഎയ്ക്ക് കഴിയില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ . എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് നിരവധി മുഖങ്ങളുണ്ടെന്നും എൻഡിഎയുടെ കാര്യം അങ്ങനെയല്ലെന്നും താക്കറെ പരിഹസിച്ചു.
മഹാരാഷ്ട്രയിലെ മുംബൈയിൽ നടക്കുന്ന പ്രതിപക്ഷ ബ്ലോക്കായ ഇന്ത്യയുടെ യോഗത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വ്യത്യസ്തമായ ആശയങ്ങളുള്ള ഇന്ത്യൻ സഖ്യത്തിലെ പാർട്ടികളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. ബിജെപിക്ക് ബജ്‌റംഗ് ബലി കൊണ്ടുവരേണ്ടി വന്നു. എന്നാൽ ദൈവം പോലും ബിജെപിയെ അനുഗ്രഹിച്ചില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ഭരണത്തെ ബ്രിട്ടീഷ് രാജിനോട് താക്കറെ താരതമ്യപ്പെടുത്തി.
ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്തി. എന്നാൽ അവരെ പൂർണ്ണ ശക്തിയോടെ തുരത്തിയില്ലെങ്കിൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു. നമുക്ക് വികസനം വേണം, ഒപ്പം സ്വാതന്ത്ര്യം വേണം, അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാറും സന്നിഹിതനായിരുന്നു.