വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതിയുടെ നോട്ടീസ്

14 July 2023

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക പീഡനാരോപണത്തിൽ ഗുസ്തി താരങ്ങള്‍ നടത്തിവന്നിരുന്ന സമരത്തില്‍ മുന്നിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതിയുടെ നോട്ടീസ്. ഉത്തേജക വിരുദ്ധ നിയമങ്ങള്‍ പാലിക്കുന്നതില്‍ താരം വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് സമിതി നോട്ടിസ് അയച്ചത്.
നോട്ടീസിന് ഫോഗട്ട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും അറിയിച്ചു. ഈ വ്യാഴാഴ്ച ആരംഭിച്ച ബുഡാപെസ്റ്റിലെ റാങ്കിങ് സീരിസില്‍ മത്സരിക്കാനിരിക്കെയാണ് ഫോഗട്ടിന് നോട്ടിസ് വരുന്നത്. നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാംപ്യനാണ് ഫോഗട്ട്.
കഴിഞ്ഞ മാസം 27ന് നടന്ന പരിശോധനയ്ക്ക് ഹാജരാകാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പരിശോധനയ്ക്കായി അന്ന് സമിതി ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഫോഗട്ട് ഹാജരായില്ലെന്നും നോട്ടിസില്‍ ആരോപിക്കുന്നു.