അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ സുരേന്ദ്രൻ


അഴിമതിയിൽ മുങ്ങിക്കുളിച്ച കേരളാ സർക്കാരിനെതിരെ എൻഡിഎ മുന്നണി കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ . കേരളാ സർക്കാരിന്‍റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ രഹസ്യമായി സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി ലോകസഭയിൽ നിന്നും അയോഗ്യനായതോടെ രാജ്യത്തെ എല്ലാ അഴിമതി കേസുകളിലെയും പ്രതികൾ ഒന്നിച്ചിരിക്കുകയാണ്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയല്ലെന്ന് അവർക്കെല്ലാം അറിയാം. എന്നാലും , തങ്ങളുടെ അഴിമതി കേസുകളെ പ്രതിരോധിക്കാൻ മോദിയാണ് രാഹുലിന്റെ എംപി സ്ഥാനം ഇല്ലാതാക്കിയതെന്ന പ്രചരണം നടത്തുകയാണ് അവർ.
ഇപ്പോൾ രാഹുൽഗാന്ധിയെ മുന്നിൽ നിർത്തി കള്ളൻമാരുടെ ഘോഷയാത്രയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മും കോൺഗ്രസും ചേർന്നിട്ടും ബിജെപിയെ തോൽപ്പിക്കാൻ വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സാധിച്ചില്ല. കേരളത്തിലും ഭാവിയിൽ ഇരുകൂട്ടരെയും ബിജെപി തോൽപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.