ജീവനൊടുക്കാൻ ഒരു വിദ്യാർത്ഥിയും തീരുമാനമെടുക്കരുത്; നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും: എംകെ സ്റ്റാലിൻ
നിറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തമിഴ്നാട്ടിൽ വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതിൽ വിദ്യാർത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഒരു കാരണവശാലും ജീവിതം അവസാനിപ്പിക്കാൻ ഒരു വിദ്യാർത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികൾക്കായി സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
അടുത്തുതന്നെ ദേശീയ തലത്തിൽ രാഷ്ട്രീയ മാറ്റങ്ങൾ വരുമ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും.ആ സമയം , ‘ഞാൻ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവർണർ ആർഎൻ രവിയുടെ പരാമർശത്തെ വിമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സംസ്ഥാന ഗവർണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമർശിച്ചു. ഒരുകാരണത്താലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് പരീക്ഷയുടെ മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്.