നേതാജി ഇടതുപക്ഷക്കാരൻ; അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ആര്‍എസ്എസ് ചൂഷണം ചെയ്യുകയായിരുന്നു: അനിത ബോസ്

single-img
21 January 2023

ഇടതുപക്ഷക്കാരനായ തന്റെ പിതാവിന്റെ പാരമ്പര്യത്തെ ആര്‍എസ്എസ് ഭാഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിത ബോസ്. ഈ മാസം 23ന് കൊല്‍ക്കത്തയില്‍ നേതാജിയുടെ ജന്മദിനം ആഘോഷിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങവേയാണ് രൂക്ഷ വിമർശനവുമായി അനിത എത്തിയത്.

പ്രത്യയശാസ്ത്രപരമായി നോക്കിയാൽ നേതാജി ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് കോണ്‍ഗ്രസിനോടാണ്. എന്നാൽ ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രവും നേതാജിയുടെ ആശയങ്ങളും തമ്മില്‍ വലിയ അന്തരം തന്നെ നിലനില്‍ക്കുന്നു. അവയാവട്ടെ തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടില്ലെന്നും അനിത ബോസ് പറഞ്ഞു. കൃത്യമായി പറയുകയാണെങ്കില്‍ നേതാജി ഇടതുപക്ഷക്കാരനായിരുന്നു.അവര്‍ വലതുപക്ഷക്കാരും. എന്റെ കേട്ടറിവ് വെച്ച് ആര്‍എസ്എസ് പ്രത്യയശാസ്ത്രവും നേതാജിയിടെ പ്രത്യയശാസ്ത്രവും രണ്ടാണ്.

ഈ ഇരു മൂല്യവ്യവസ്ഥയും പൊരുത്തപ്പെടുന്നില്ല. നേതാജി സ്വീകരിച്ചിരുന്ന ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസിന് തോന്നിയാല്‍ അത് നല്ലതായിരിക്കും.നേതാജിയുടെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കാന്‍ വിവിധ വിഭാഗങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങളുമായി യോജിക്കാനാകണമെന്നും അനിത ബോസ് പറഞ്ഞു.