1899 എന്ന സിരീസ് ഒറ്റ സീസണില്‍ അവസാനിപ്പിച്ച് നെറ്റ്ഫ്ലിക്സ്
1899 എന്ന സിരീസ് ഒറ്റ സീസണില്‍ അവസാനിപ്പിച്ച് പ്രമുഖ അന്തര്‍ദേശീയ ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ്.
പ്രേക്ഷകപ്രീതി നേടിയ ഡാര്‍ക് എന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിരീസിന്‍റെ ക്രിയേറ്റേഴ്സ് ആയിരുന്ന ബാരണ്‍ ബോ ഒഡാറും ജാന്‍റെ ഫ്രീസും ചേര്‍ന്നാണ് 1899 ഒരുക്കിയത്. പിരീഡ് മിസ്റ്ററി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് ആയിരുന്നു ഇത്. നവംബര്‍ 17 ന് മുഴുവന്‍ എപ്പിസോഡുകളുമായാണ് നെറ്റ്ഫ്ലിക്സ് 1899 ന്‍റെ ആദ്യ സീസണ്‍ സ്ട്രീം ചെയ്തത്. ഡാര്‍ക് പോലെ രണ്ടും മൂന്നും സീസണുകള്‍ ചെയ്തുകൊണ്ട് ഈ സിരീസും അവസാനിപ്പിക്കണമെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും എന്നാല്‍ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ലെന്നും ബാരണും ജാന്‍റെയും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.
1899 ഇനി പുതുക്കപ്പെടില്ലെന്ന് ഭാരിച്ച ഹൃദയത്തോടെ നിങ്ങളോട് പറയേണ്ടി വന്നിരിക്കുകയാണ് ഞങ്ങള്‍ക്ക്. ഡാര്‍ക് പോലെ രണ്ടും മൂന്നും സീസണുകളിലൂടെ ഈ ഗംഭീര യാത്ര അവസാനിപ്പിക്കണമെന്നായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ നടന്നുകൊള്ളണമെന്നില്ല. അതാണ് ജീവിതം. ദശലക്ഷക്കണക്കിന് ആരാധകരെ ഇത് നിരാശരാക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ ഈ മനോഹര യാത്രയില്‍ ഒപ്പമുണ്ടായ നിങ്ങളേവര്‍ക്കും ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, ഒരിക്കലും മറക്കരുത്, കുറിപ്പ് അവസാനിക്കുന്നു.
ടൈറ്റാനിക് ദുരന്തം നടക്കുന്നതിന് 13 വര്‍ഷം മുന്‍പാണ് 1899 ന്‍റെ കഥാപശ്ചാത്തലം. എട്ട് എപ്പിസോഡുകള്‍ ഉണ്ടായിരുന്ന ആദ്യ സീസണില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എമിലി ബീഷാം, അനൌറിന്‍ ബര്‍ണാഡ്, ആന്‍ഡ്രിയാസ് പീച്ച്‌മാന്‍, മിഗ്വല്‍ ബെര്‍ണാഡ്യു തുടങ്ങിയവര്‍ ആയിരുന്നു. വലിയ നിരൂപകപ്രീതിയാണ് ഒറ്റ സീസണ്‍ കൊണ്ട് 1899 നേടിയത്.