പാസ്വേര്‍ഡ് കൈമാറല്‍ രീതി അവസാനിപ്പിക്കാന്‍ ഒരുങ്ങി നെറ്റ്ഫ്ലിക്സ്
സന്‍ഫ്രാന്‍സിസ്കോ: പാസ്വേര്‍ഡ് കൈമാറല്‍ രീതി അവസാനിപ്പിക്കാന്‍ 2023 തുടക്കത്തില്‍ വലിയ നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ നെറ്റ്ഫ്ലിക്സിന് ഏറ്റവും നഷ്ടമുണ്ടാക്കുന്ന സംഭവമാണ് പാസ്വേര്‍ഡ് കൈമാറല്‍ രീതി. ഒരു കുടുംബത്തിലോ,ഓഫീസിലോ മറ്റോ ഒരാള്‍ അല്ലെങ്കില്‍ ഒന്നിലേറെപ്പേര്‍ പണം ഇട്ട് നെറ്റ്ഫ്ലിക്സ് അക്കൌണ്ട് എടുക്കും. എന്നിട്ട് അതിന്റെ പാസ്വേര്‍ഡ് ഷെയര്‍ ചെയ്ത് വിവിധ ഫോണുകളിലോ, ടിവികളിലോ ഉപയോഗിക്കും. ഇതാണ് പാസ്വേര്‍ഡ് കൈമാറല്‍ രീതി.
ഇത് മൂലം യുനീക്കായ കാഴ്ചക്കാരെ നഷ്ടപ്പെടുകയും വലിയ സാമ്ബത്തിക നഷ്ടം ഉണ്ടാകുന്നു എന്നതുമാണ് നെറ്റ്ഫ്ലിക്സിന്റെ പരാതി. പത്ത് വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ സബ്സ്ക്രൈബര്‍മാര്‍ എന്ന തിരിച്ചടിയും നെറ്റ്ഫ്ലിക്സിന് കിട്ടിയിരുന്നു. കൊവിഡ് കാലത്തെ കുതിച്ചുചാട്ടത്തിന് ശേഷം വലിയ സാമ്ബത്തിക പ്രതിസന്ധിയിലാണ് നെറ്റ്ഫ്ലിക്സ്. അടുത്തിടെ കൂട്ട പിരിച്ചുവിടല്‍ അടക്കം നെറ്റ്ഫ്ലിക്സ് നടത്തി. ഒപ്പം തന്നെ തങ്ങളുടെ സാമ്ബത്തിക മോഡല്‍ വെറും സബ്സ്ക്രിപ്ഷനെ മാത്രം ആശ്രയിച്ച് വേണ്ടെന്ന തീരുമാനത്തിലേക്കാണ് നെറ്റ്ഫ്ലിക്സ്. അതിന്‍റെ ഭാഗമായി പരസ്യം കാണിക്കാനുള്ള ശ്രമങ്ങളും അവര്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യ പോലുള്ള തങ്ങള്‍ക്ക് വളരാന്‍ കഴിയും എന്ന് പ്രതീക്ഷയുണ്ടായ വിപണികളില്‍ നെറ്റ്ഫ്ലിക്സിന് തിരിച്ചടി നേരിട്ടതിന്‍റെ ഒരു കാരണം പാസ്വേര്‍ഡ് കൈമാറല്‍ രീതിയാണെന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. അതിനാല്‍ 2023ല്‍ ഈ രീതിയെ പുതുക്കി പണിയാന്‍ ഒരുങ്ങുന്നു നെറ്റ്ഫ്ലിക്സ് എന്നാണ് വാര്‍ത്ത.
പാസ്‌വേഡ് പങ്കിടുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നതിന് നെറ്റ്ഫ്ലിക്സ് വിവിധ ഓപ്ഷനുകളാണ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. 2023 ന്റെ തുടക്കത്തില്‍ നെറ്റ്ഫ്ലിക്സ് വരിക്കാര്‍ക്ക് അവരുടെ അക്കൗണ്ട് പാസ്‌വേഡ് സുഹൃത്തുക്കളുമായോ, വീടിന് പുറത്തുള്ള മറ്റാരുമായും പങ്കിടാന്‍ അനുവദിക്കില്ലെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗജന്യ പാസ്‌വേഡ് പങ്കിടലിനെതിരെ പോരാടുന്നതിന് നെറ്റ്ഫ്ലിക്സ് ഓരോ വ്യക്തിക്കും ഫീസ് ചുമത്തിയേക്കാം. നിങ്ങളുടെ കുടുംബത്തിന് പുറത്തുള്ള ആര്‍ക്കെങ്കിലും നെറ്റ്ഫ്ലിക്സ് ലോഗിന്‍ നല്‍കുകയാണെങ്കില്‍ പ്രൊഫൈല്‍ ആക്‌സസ് ചെയ്യുന്നതിന് അധിക പണം നല്‍കേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇതിനാല്‍ പണം നല്‍കാതെ മറ്റുള്ളവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കുന്നത് സാധ്യമാകില്ല. കോസ്റ്റാറിക്ക, ചിലെ, പെറു എന്നിവയുള്‍പ്പെടെ നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്‌സിന്റെ പുതിയ പദ്ധതി പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
ഈ പ്രദേശങ്ങളില്‍ ഒരു സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ആക്സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏകദേശം 250 രൂപ ഈടാക്കുന്നു. ഇന്ത്യയില്‍ എത്ര തുക ഈടാക്കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല.
വ്യത്യസ്ത ലൊക്കേഷനില്‍ ഉള്ളവരുമായി അക്കൗണ്ട് ഷെയര്‍ ചെയ്യുകയാണെങ്കില്‍ അധിക ചാര്‍ജ് ഈടാക്കുന്ന രീതിയിലായിരിക്കും മാറ്റം വരിക. ഈ ഫീച്ചര്‍ വരുന്നതോടുകൂടി സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാന്‍ കസ്റ്റമേഴ്‌സിന് ഒരു അക്കൗണ്ടില്‍ അധിക ചാര്‍ജ് കൊടുത്ത് രണ്ടു സബ് അക്കൗണ്ട് വരെ ഉണ്ടാക്കാന്‍ സാധിക്കും.
ഈ സബ് അക്കൗണ്ടിന് ലോഗിന്‍ ഐഡിയും പാസ് വേഡും ഉണ്ടാകും. പിന്നീട് ഈ സബ് അക്കൗണ്ടിലെ വ്യൂയിങ് ഹിസ്റ്ററി, വാച്ച് ലിസ്റ്റ്, പഴ്‌സണലൈസ്ഡ് റെക്കമണ്ടേഷന്‍സ് എന്നീ വിവരങ്ങള്‍ മറ്റൊരു അക്കൗണ്ടിലേക്കോ സബ് അക്കൗണ്ടിലേക്കോ മാറ്റാനും അവസരം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.