ആർട്ടിക്കിൾ 370 മാറ്റാൻ ഒരിക്കലും ധൈര്യപ്പെടരുത്: കോൺഗ്രസിന് അമിത് ഷായുടെ മുന്നറിയിപ്പ്


മധ്യപ്രദേശിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, “ആർട്ടിക്കിൾ 370 മാറ്റാൻ ഒരിക്കലും ധൈര്യപ്പെടരുത്” എന്ന് കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം ബിജെപി പ്രവർത്തകരുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തീരുമാനമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
“കോൺഗ്രസിന് വീണ്ടും അധികാരത്തിലെത്താൻ കഴിയില്ലെങ്കിലും, യാദൃശ്ചികമായി അത് സംഭവിക്കുകയാണെങ്കിൽ, ആർട്ടിക്കിൾ 370 മാറ്റാൻ ധൈര്യപ്പെടരുതെന്ന് ഞാൻ കോൺഗ്രസിന് മുന്നറിയിപ്പ് നൽകും. കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. നിങ്ങളുടെ (കോൺഗ്രസ്) പ്രീണന രാഷ്ട്രീയം ഇപ്പോൾ അവസാനിച്ചു,” – അമിത് ഷാ പറഞ്ഞു.
മധ്യപ്രദേശിലെ പട്ടികവർഗ വിഭാഗത്തിന് (എസ്ടി) സംവരണം ചെയ്ത അഞ്ച് ലോക്‌സഭാ സീറ്റുകളിലൊന്നായ മണ്ഡ്‌ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കഴിഞ്ഞ 10 വർഷത്തിനിടയിൽ, പ്രത്യേകിച്ച് ആദിവാസികൾക്കായി പ്രധാനമന്ത്രി മോദിയുടെ പ്രധാന പദ്ധതികൾ കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ഗോത്രവർഗ ഐക്കൺ ബിർസ മുണ്ടയുടെ ജന്മദിനം ‘ജൻജാതിയ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു.