പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല: രേവതി

single-img
26 August 2024

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ പ്രത്യേക അന്വേഷണ സംഘം സർക്കാർ രൂപീകരിച്ചത് സ്വാഗതാര്‍ഹമെന്ന് നടി രേവതി. പക്ഷെ പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പറയുന്നതുപോലെ, പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.

ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചിലശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താരസംഘടന അമ്മക്കെതിരെയും രേവതി വിമര്‍ശനം ഉന്നയിച്ചു. 2018ല്‍ ‘അമ്മ’ വനിതാ സംഘടനയായ ഡബ്ല്യൂസിസിയുമായി സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു എന്നായിരുന്നു രേവതി പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരസ്യമാക്കാൻ വൈകി. അതിനാൽ തന്നെ നീതി വൈകി. ഇത് മുൻപേ പരസ്യമായിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍, തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരില്‍ നിന്ന് പോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി കൂട്ടിച്ചേർത്തു.