നമ്മുടെ മതം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവർക്ക് ഒരിക്കലും വോട്ട് നൽകരുത്: വിജയ് സേതുപതി
ദക്ഷിണേന്ത്യൻ ഭാഷകളിൽ നായകനും പ്രതിനായകനുമായി തിളങ്ങി, ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുകയാണ് താമിഴ് യുവതാരം വിജയ് സേതുപതി . രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത നിൽക്കെ, നേരത്തെ ഒരിക്കൽ വിജയ് സേതുപതി ആർക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിലവിൽ വൈറലായികൊണ്ടിരിക്കുന്നത്.
നമ്മുടെ മതം അപകടത്തിലാണ് എന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവർക്ക് ഒരിക്കലും വോട്ട് നൽകരുതെന്നാണ് വിജയ് സേതുപതി പറയുന്നത്. ധാരാളം പേരാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, അത് വളരെ ചിന്തിച്ച് ചെയ്യണമെന്നും വിജയ് സേതുപതി പറയുന്നുണ്ട്. നമ്മുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ട് എന്ന് പറഞ്ഞ് വോട്ട് ചോദിക്കുന്നവരുടെ കൂടെ നിൽക്കരുതെന്നും കൂട്ടിച്ചേർത്തു.
വിജയ് സേതുപതിയുടെ വാക്കുകൾ: ‘ഇന്ത്യയിലെ എന്റെ സ്നേഹമുള്ള ജനങ്ങളേ, നിങ്ങൾ സൂക്ഷിച്ച് വോട്ടുചെയ്യണം. ദയവായി നല്ലവണ്ണം ചിന്തിച്ച് വോട്ടുചെയ്യണം. വോട്ടുചെയ്യുകയെന്നത് പരമപ്രധാനമാണ്. നമ്മുടെ സംസ്ഥാനത്തോ ഗ്രാമത്തിലോ കോളജിലോ അല്ലെങ്കിൽ ഒരു സുഹൃത്തിനോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കാൻ രംഗത്തിറങ്ങുന്നവരെയായിരിക്കണം എപ്പോഴും സഹായിക്കേണ്ടത്.
അല്ലാതെ, നമ്മുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കൊപ്പം ഒരിക്കലും ഒപ്പം നിൽക്കരുത്. അങ്ങനെ പറയുന്നവരൊക്കെ നമ്മളെ കുഴപ്പങ്ങളുണ്ടാക്കാൻ പ്രേരിപ്പിച്ച് ഇളക്കിവിട്ടശേഷം അവരുടെ വീട്ടിൽ പോലീസ് സംരക്ഷണയിൽ സുരക്ഷിതമായി കഴിയുന്നവരായിരിക്കും. നമ്മളായിരിക്കും പിന്നീട് കുഴപ്പത്തിലാവുക. ഇത് എല്ലാവരും മനസ്സിലാക്കണം.’