എന്റെ പാർട്ടിയിലെ റോൾ പുതിയ അദ്ധ്യക്ഷൻ തീരുമാനിക്കും: രാഹുൽ ഗാന്ധി
പാർട്ടിയിൽ തന്റെ റോൾ എന്താണ് എന്ന് ഇനി പുതിയ അദ്ധ്യക്ഷൻ തീരുമാനിക്കും എന്ന് മുൻ കോൺഗ്രസ് അധ്യക്ഷനും, കേരളത്തിൽ നിന്നുമുള്ള എം പിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയവെയാണ് രാഹുല്‍ ഗാന്ധി ഇത് പറഞ്ഞത്.
പാര്‍ട്ടിയില്‍ എന്റെ റോള്‍ എന്തെന്ന് പുതിയ പ്രസിഡന്റ് തീരുമാനിക്കും. ഇനി ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുക പുതിയ പ്രസിഡന്റിന് ആയിരിക്കും’- രാഹുല്‍ പറഞ്ഞു. ഖാര്‍ഗെ ആയാലും തരൂര്‍ ആയാലും കാര്യങ്ങളെക്കുറിച്ചു ധാരണയുള്ളവരും അനുഭവ പരിജ്ഞാനും ഉള്ളവരുമാണ്. അവര്‍ക്ക് തന്റെ ഉപദേശമൊന്നും വേണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. കൂടാതെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തരൂരിന്റെ ആരോപണം പരിശോധിക്കാന്‍ പാര്‍ട്ടിക്കു സംവിധാനമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
അതേസമയം എണ്ണായിരത്തിനടുത്ത് വോട്ടുകൾ നേടി മല്ലികാർജുൻ ഖാർഗെ കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനായി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസിന് നെഹ്റു – ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള അദ്ധ്യക്ഷൻ വരുന്നത്. 1072 വോട്ടുകളാണ് എതിർ സ്ഥാനാർത്ഥിയായ ശശി തരൂർ നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ് ഖാർഗെ. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുൻപ് അദ്ദേഹം രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചിരുന്നു.