തരൂരും ചെന്നിത്തലയും ഇല്ല; ആന്റണി, ഉമ്മൻചാണ്ടി, കെ സിയും കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ


മല്ലികാർജുൻ ഖാർഗെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയും ശശി തരൂരും ഇടം പിടിച്ചില്ല. നിലവിലെ പ്രവർത്തക സമിതി അംഗങ്ങൾ രാജി വച്ചതിനെ തുടർന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചത്.
അടുത്ത വർഷംആദ്യം നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവർത്തക സമിതി രൂപീകരിക്കുക. പുതിയ പ്രവർത്തക സമിതി ചുമതലയേക്കുംവരെയുള്ള സംവിധാനമായാണ് സ്റ്റിയറിംഗ് കമ്മിറ്റി. അഭിഷേക് മനു സിംഗ്‌വി, അജയ് മാക്കൻ, അംബികാ സോണി, ജയറാം രമേശ്, ജിതേന്ദ്ര സിംഗ്, മുകുൾ വാസ്നിക്, പി ചിദംബരം, രൺദീപ് സുർജെവാല, താരീഖ് അൻവർ, അധീർ രഞ്ജൻ ദാസ് ചൗധരി, ദിഗ്വിജയ് സിംഗ്, മീരാ കുമാർ, പവൻ കുമാർ ബൻസൽ, രാജീവ് ശുക്ല, സൽമാൻ ഖുർഷിദ് എന്നിവരടക്കം ആകെ 47 പേരാണ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയിലുള്ളത്.
മുൻ പധാനമന്ത്രി മൻമോഹൻസിംഗ്, മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവരും സമിതിയിൽ ഇടം നേടി. കെ.സി. വേണുഗോപാലാണ് പ്രതീക്ഷിച്ചതു പോലെ കമ്മിറ്റിയിലെത്തിയ മറ്റൊരു നേതാവ്.