രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തിൽ; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡല്‍ഹിയില്‍

single-img
1 July 2024

രാജ്യത്ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വന്നു. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കമല മാര്‍ക്കറ്റ് പൊലീസാണ് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ആദ്യ കേസെടുത്തത്. ബിഎന്‍എസ് (ഭാരതീയ ന്യായ സംഹിത) 285-ാം വകുപ്പ് പ്രകാരം ഒരു വഴിയോര കച്ചവടക്കാരനെതിരേയാണ് കേസെടുത്തത്.

പൊതുഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയില്‍ ഇയാള്‍ മറ്റൊരാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ലഹരിവില്‍പ്പന നടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ഇന്ന് മുതല്‍ നിലവില്‍ വന്നത്.

164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) സിആര്‍പിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎന്‍എസ്എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ ) നിലവില്‍ വന്നു.