ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് പുതിയ തലമുറ; ആ തലമുറയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്: ചിന്ത ജെറോം
പുതിയ തലമുറയുടെ രാഷ്ട്രീയ ബോധത്തെ പുകഴ്ത്തി ഡിവൈഎഫ്‌ഐയുടെ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലെ വ്യത്യാസം താരതമ്യപ്പെടുത്തിയായിരുന്നു ചിന്തയുടെ പ്രസംഗം.
പൊളിറ്റിക്കല്‍ കറക്ട്നസിക്കുറിച്ച് പുതിയ തലമുറ ശ്രദ്ധിക്കുന്ന കാലമാണ്. ആ വ്യത്യാസം ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും കമന്റ് ബോക്‌സില്‍ മനസ്സിലാവുമെന്ന് ചിന്ത പറയുന്നു. ‘പൊളിറ്റിക്കല്‍ കറക്ടനസിനെക്കുറിച്ച് പുതിയ തലമുറ ശ്രദ്ധിക്കുന്ന കാലമാണ്. അവര്‍ പ്രതികരിക്കുന്നതിനെ പോസിറ്റീവായി കാണുന്നു. ഈ വ്യത്യാസം സാമൂഹിക മാധ്യമങ്ങളില്‍ കാണാന്‍ കഴിയും.
ഞാന്‍ ഒരേ പോസ്റ്റ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇട്ടാല്‍ ഫേസ്ബുക്കിലുണ്ടാവുന്ന വിദ്വേഷ പ്രചാരണമോ സ്ത്രീവിരുദ്ധ പരാമര്‍ശമോ അത്ര രൂക്ഷമായോ അതിന്റെ നാലില്‍ ഒന്നോ പോലും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാകില്ല. കാരണം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് പുതിയ തലമുറയാണ്. ആ തലമുറയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.’ കൊല്ലം പ്രസ് ക്ലബിലെ വനിതാ ദിനാഘോഷത്തില്‍ പങ്കെടുത്ത് ചിന്ത പറഞ്ഞു.
‘മൈ ഫ്യൂച്ചര്‍ ഡോട്ടര്‍ ഇന്‍ലോ, യൂ ആര്‍ വെല്‍ക്കം (എന്റെ ഭാവി മരുമകളെ നിനക്ക് സ്വാഗതം)’ എന്ന ക്യാംപ്ഷനില്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച റീല്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം. വീട്ടുജോലികള്‍ ചെയ്യാന്‍ ആണ്‍മക്കളെ പഠിപ്പിച്ചുവെന്ന് കാണിക്കുന്നതായിരുന്നു റീല്‍സെന്ന് ചിന്ത പറഞ്ഞു.
തുല്ല്യതയെക്കുറിച്ച് പുതിയ തലമുറ വിശാലമായി കാണുന്നുവെന്നാണ് തന്റെ അഭിപ്രായമെന്ന് ചിന്ത ആവര്‍ത്തിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയെയും ചിന്ത പ്രസംഗത്തില്‍ പരാമര്‍ശിച്ചു.