കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനം; തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ: മന്ത്രി കെ രാജൻ
കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലായെന്ന് കെ രാജന്‍ പറഞ്ഞു. നിലവില്‍ തേക്കിന്‍കാട് മൈതാനിയില്‍ പൂരം വെടിക്കെട്ട് നടത്താനാകാത്ത സാഹചര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റര്‍ ദൂരം വേണം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ ഈ നിബന്ധന അപ്രായോഗികമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ അപ്രായോഗികമാണെന്നും പിന്‍വലിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ എക്സ്പ്ലോസീവ് നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. നിലവിലുള്ള ദൂരപരിധി 60 മീറ്റര്‍ ആക്കി കുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. സ്‌കൂളുകളില്‍ നിന്ന് 250 മീറ്റര്‍ ദൂരത്തില്‍ മാത്രമേ വെടിക്കെട്ട് നടത്താനാകൂ. ഇതും അപ്രായോഗികമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.