മധ്യപ്രദേശിൽ 100 കോടി ചിലവിൽ ബിജെപിക്ക് പുതിയ ഓഫീസ്; ഒരുങ്ങുന്നത് 10 നിലകളുള്ള സമുച്ചയം

single-img
26 March 2023

മധ്യപ്രദേശില്‍ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിക്കുന്നു. 10 നിലകളുള്ള പാർട്ടി ഓഫീസ് സമുച്ചയം 100 കോടി രൂപ ചിലവിട്ടാണ് നിര്‍മിക്കാന്‍ പോകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 32 വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ ഓഫീസിന് പകരമായാണ് പുതിയ ഓഫീസ്.

വളരെ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ഓഫീസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒരേസമയം 1000 പേർക്ക് വരെ ഇരിക്കാവുന്ന ഓഡിറ്റോറിയവും പുതുതായി പണികഴിപ്പിക്കുന്ന ഓഫീസിൽ ഉണ്ടാവും. 1991ൽ സുന്ദര്‌ലാൽ പട്‌വ സർക്കാരിന്‍റെ കാലത്താണ് 2 കോടി രൂപ ചിലവഴിച്ച് നിലവിലുള്ള ഈ ഓഫീസ് നിര്‍മിച്ചത്.

രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും ഒരു ഓഫീസ് സ്ഥാപിക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. ഇത് ഭോപ്പാലില്‍ മുന്‍പെ തീരുമാനിച്ചതാണ്. ഇപ്പോൾ ബിജെപി പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് പുതിയ ഓഫീസ് പണിയുന്നത്. ആധുനിക സൗകര്യങ്ങളുണ്ടെങ്കിലും ലളിതമായിരിക്കും ഓഫീസെന്ന് കമ്മിറ്റി അറിയിച്ചു.