പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് ദയവായി രാജ്യത്തോട് പറയൂ; പ്രധാനമന്ത്രിയോട് കമൽ ഹാസൻ
രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന ചോദ്യവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ‘രാജ്യത്തിന്റെ ഈ അഭിമാന നിമിഷം രാഷ്ട്രീയമായി ഭിന്നിപ്പിച്ചിരിക്കുന്നു. ഞാന്‍ പ്രധാനമന്ത്രിയോട് ഒരു ലളിതമായ ചോദ്യം ചോദിക്കുന്നു, നമ്മുടെ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് ദയവായി രാജ്യത്തോട് പറയൂ.
രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ ഇന്ത്യൻ രാഷ്ട്രപതി ഈ ചരിത്ര സന്ദര്‍ഭത്തിന്റെ ഭാഗമാകാതിരിക്കാനുള്ള കാരണമൊന്നും ഞാന്‍ കാണുന്നില്ല’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
രാജ്യത്തിന്റെ രാഷ്ട്രപതിയെ അവഗണിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വി ഡി സവര്‍ക്കറിന്റെ ജന്മദിനത്തില്‍ ഉദ്ഘാടനം നടത്തുന്നതിനെതിരെയും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.