സൊനാലി ഫോഗട്ടിന്‍റെ മരണത്തില്‍ അറസ്റ്റിലായ സഹായി സുധീര്‍ പാല്‍ സാങ്‍വാനെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ
ഗുരുഗ്രാം: ബി.ജെ.പി നേതാവും നടിയുമായിരുന്ന സൊനാലി ഫോഗട്ടിന്‍റെ മരണത്തില്‍ അറസ്റ്റിലായ സഹായി സുധീര്‍ പാല്‍ സാങ്‍വാനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍.
സുധീര്‍ സാങ്‍വാന്‍റെ ഭാര്യയെന്നാണ് സൊനാലിയെക്കുറിച്ച് ഗുരുഗ്രാമിലെ അപാര്‍ട്മെന്‍റിലെ രേഖകളില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.
സെക്ടര്‍ 102-ല്‍ സ്ഥിതി ചെയ്യുന്ന ‘ഗുഡ്ഗാവ് ഗ്രീന്‍സി’ല്‍ മൂന്നു മാസം മുമ്ബ് 901-ാം നമ്ബര്‍ ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തിരുന്നു. സുധീര്‍ സാങ്‌വാന്‍ ഈ ഫ്‌ളാറ്റ് വാടകക്കെടുത്തപ്പോള്‍ രേഖകളില്‍ സൊനാലി ഫോഗട്ടിനെ ഭാര്യയായാണ് കാണിച്ചിരിക്കുന്നത്.
സൊനാലിയെ ഇവിടെ കണ്ടിട്ടില്ലെന്നും എന്നാല്‍ സാങ്‍വാനെ ഇവിടെ പലപ്പോഴും കണ്ടിരുന്നതായും ‘ഗുഡ്ഗാവ് ഗ്രീന്‍സ്’ സൊസൈറ്റിയിലെ ഒരു അംഗം പറയുന്നു. അധികമാര്‍ക്കും ഇവരെക്കുറിച്ച് അറിയില്ലായിരുന്നു.
സൊനാലി ഫോഗട്ടും സുധീര്‍ സാങ്‌വാനും വാഹനം ഇവിടെ പാര്‍ക്ക് ചെയ്താണ് ഗോവയിലേക്ക് പുറപ്പെടാനായി ടാക്സിയില്‍ വിമാനത്താവളത്തിലേക്ക് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സൊനാലി ഫോഗട്ടിനെ കൊലപ്പെടുത്താന്‍ സുധീര്‍ പാല്‍ സങ്‍വാന്‍ നേരത്തെയും ശ്രമിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സൊനാലിയെ കൊല്ലാന്‍ ഉദ്ദേശിച്ച് സുധീര്‍ നേരത്തെയും വിഷം നല്‍കിയിട്ടുണ്ട്. സ്വത്തില്‍ കണ്ണുവെച്ചാണ് ഈ നീക്കമെന്നും സൊനാലിയുടെ അനന്തരവന്‍മാരായ വികാസ് സിങ്മര്‍, സചിന്‍ ഫോഗട്ട് എന്നിവര്‍ പറഞ്ഞു.