കൊച്ചിയിൽ പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതി; നിയന്ത്രണങ്ങളുമായി പോലീസ്


കൊച്ചി നഗരത്തിലെ പുതുവത്സരാഘോഷ പരിപാടികൾ രാത്രി 12 മണി വരെ മതിയെന്ന് പൊലീസ്. അതിനു ശേഷമുള്ള ആഘോഷങ്ങളിലും ഡിജെ പരിപാടികൾ ഉൾപ്പെടെയുള്ളവയും കർശന പരിശോധന ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു. ലഹരി പാർട്ടികൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആഘോഷ പാർട്ടികൾ നടക്കുന്ന വേദികളിൽ മഫ്തി പൊലീസിൻ്റെ സാന്നിധ്യം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ഈ പുതുവത്സരാഘോഷങ്ങൾക്ക് കനത്ത ജാഗ്രതയിലാണ് പൊലീസ്. ഹോട്ടലുകളിലും പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സിസിടിവി ക്യാമറകള്‍ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തന്നെ ലഹരി പാർട്ടികൾ നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ പൊലീസ് നിരീക്ഷണം ആരംഭിച്ചു.
പരിശോധനയിൽ ലഹരി ഉപയോഗിക്കുന്ന പാർട്ടികൾ നടത്തിയതായി കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിൽ വിട്ട് വീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല മുഴുവന്‍ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ അതിർത്തിക്കുള്ളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിൻ്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും റൂറൽ പൊലീസ് അറിയിച്ചു.