ട്വന്റി20 പരമ്പര: പാക്കിസ്ഥാനെതിരെ 46 റൺസ് വിജയം നേടി ന്യൂസീലൻ‌ഡ്

single-img
12 January 2024

ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ 46 റൺസ് വിജയം സ്വന്തമാക്കി ന്യൂസീലൻ‌ഡ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 227 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 180 റൺസെടുത്തു പുറത്തായി.

കേവലം 27 പന്തുകളിൽനിന്ന് 61 റൺസെടുത്ത ഡാരിൽ മിച്ചലാണു കളിയിലെ താരം. ന്യൂസീലൻഡിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസനും അർധ സെഞ്ചറി നേടി. 42 പന്തുകൾ നേരിട്ട വില്യംസൻ 57 റണ്‍സെടുത്താണു പുറത്തായത്. രണ്ടാമത് ബാറ്റിങ്ങിൽ പാക്കിസ്ഥാനു ഗംഭീര തുടക്കം ലഭിച്ചെങ്കിലും വിജയത്തിലെത്താൻ അവർക്കു സാധിച്ചില്ല. പാക്ക് ഓപ്പണർ സയിം അയൂബ് വെടിക്കെട്ട് ബാറ്റിങ്ങാണ് മത്സരത്തിൽ പുറത്തെടുത്തത്.

വെറും എട്ട് പന്തുകളിൽ താരം നേടിയത് 27 റൺസ്. മൂന്ന് സിക്സുകളും രണ്ട് ഫോറുകളും താരം പറത്തി. സ്കോർ 33 ൽ നിൽക്കെ സയിം അയൂബ് റൺഔട്ടായത് പാക്കിസ്ഥാനു തിരിച്ചടിയായി. ആകെ 14 പന്തുകൾ നേരിട്ട ഓപ്പണർ മുഹമ്മദ് റിസ്‍വാൻ 25 റൺസെടുത്തു പുറത്തായി. അർധ സെഞ്ചറി നേടിയ മുന്‍ ക്യാപ്റ്റൻ ബാബർ അസമാണു പാക്കിസ്ഥാന്റെ ടോപ് സ്കോറർ. 35 പന്തുകൾ നേരിട്ട ബാബർ 57 റൺസെടുത്തു പുറത്തായി. പിന്നീടുവന്ന താരങ്ങളാരും തിളങ്ങാതിരുന്നതോടെ പാക്കിസ്ഥാൻ ചെറിയ സ്കോറിൽ ഓൾ ഔട്ടാകുകയായിരുന്നു.

നാല് ഓവറുകൾ പന്തെറിഞ്ഞ കിവീസ് താരം ടിം സൗത്തി 25 റൺ‌സ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ആദം മിൽനെ, ബെൻ സീർ‌സ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി. ഞായറാഴ്ച ഹാമിൽറ്റനിലാണു പരമ്പരയിലെ രണ്ടാം മത്സരം. അഞ്ച് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. ക്യാപ്റ്റനെന്ന നിലയിൽ പാക്കിസ്ഥാൻ താരം ഷഹീൻ അഫ്രീദിയുടെ ആദ്യ മത്സരമായിരുന്നു ഇത്. മൂന്നു വിക്കറ്റു വീഴ്ത്തിയെങ്കിലും കരിയറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവറാണ് ഓ‍ക്‌ലൻഡിൽ പാക്ക് ക്യാപ്റ്റൻ എറിഞ്ഞത്. താരത്തിന്റെ രണ്ടാം ഓവറിൽ കിവീസിന്റെ ഫിൻ അലൻ അടിച്ചെടുത്തത് 24 റൺസ്.