നിത്യാനന്ദയുടെ ‘കൈലാസ’യുമായുള്ള സൗഹൃദ കരാര്‍ റദ്ദാക്കി അമേരിക്കൻ നഗരം നെവാര്‍ക്ക്

single-img
4 March 2023

ബലാത്സംഗ കുറ്റം അടക്കം ചുമത്തി ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ച നിത്യാനന്ദയുടെ സാങ്കല്പിക രാജ്യമായ ‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കൈലാസ’യുമായുള്ള സൗഹൃദ കരാര്‍ അമേരിക്കൻ ന​ഗരമായ നെവാര്‍ക്ക് റദ്ദാക്കി. ഈ വർഷം ജനുവരി 12നായിരുന്നു കൈലാസയുമായി നെവാര്‍ക്ക് സഹോദര നഗര കരാറില്‍ ഒപ്പുവച്ചത്.

കൈലാസത്തിന്റെ പ്രതിനിധിയായി അവകാശപ്പെടുന്ന മാ വിജയപ്രിയ യുഎന്‍ യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെ, സ്വയം പ്രഖ്യാപിത രാജ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്നാണ് കൈലാസയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ന്യൂ ജെഴ്‌സിയിലെ നെവാര്‍ക്ക് നഗരം തീരുമാനിച്ചത്.

ഒരുതരത്തിലുമുള്ള മനുഷ്യാവകാശങ്ങള്‍ നിലനില്‍ക്കാത്ത സ്ഥലങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് കരാറില്‍ നിന്ന് പിന്‍മാറിയതെന്ന് നെവാര്‍ക്ക് സിറ്റി അധികൃതര്‍ വ്യക്തമാക്കി. മനുഷ്യാവകാശങ്ങള്‍ നിലനില്‍ക്കാത്ത സ്ഥലങ്ങളുമായി സഹോദര നഗര കരാറില്‍ ഏര്‍പ്പെടുന്നത് ഹിതകരല്ലെന്ന് ചൂണ്ടിക്കാട്ടി ലാര്‍ജ് ലൂയിസ് ക്വിന്റാന കൗണ്‍സിലര്‍ അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്നാണ് സിറ്റി കൗണ്‍സില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്.

‘കൈലാസയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി. ജനുവരി 12ൽ ഉണ്ടാക്കിയ ഉടമ്പടി റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ‘ഇതൊരു ഖേദകരമായ സംഭവമാണ്. അതേസമയം, പരസ്പര ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന് വിവിധ സംസ്‌കാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളുകളുമായി സഹകരിക്കാന്‍ നഗരം തയ്യാറാണ്’- ‘- നെവാര്‍ക്ക് സിറ്റി ഓഫ് കമ്മ്യൂണിക്കേഷന്‍ പ്രെസ് സെക്രട്ടറി സൂസന്‍ ഗരോഫലോ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.