കര്‍ണാടകയിൽ അഴിമതി സര്‍ക്കാരെന്ന് പത്ര പരസ്യം നൽകി; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

single-img
7 May 2023

കര്ണാടകയിലുള്ളത് അഴിമതി സര്‍ക്കാരെന്ന പത്രപരസ്യത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ‘അഴിമതി റേറ്റ് കാര്‍ഡ്’ എന്ന പരസ്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഏതിലും 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് കര്‍ണാടകയിലേത് എന്ന് ആരോപിക്കുന്നതായിരുന്നു പരസ്യം.

ഭരണകക്ഷിയായ ബിജെപിയുടെ നേതാവ് ഓം പതക് ആണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇന്ന് രാത്രി ഏഴ് മണിക്ക് മുമ്പ് ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനോട് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതുപ്രകാരം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം കോൺഗ്രസ് നൽകിയ ഈ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ബിജെപി സര്‍ക്കാരിനെ ‘ട്രബിള്‍ എഞ്ചിന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പരസ്യത്തില്‍ 2019നും 2023നും ഇടയില്‍ നടന്ന അഴിമതി നിരക്കുകളെന്ന പേരിലുള്ള കണക്കുകളായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്.