ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മത്സരിക്കും; പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ഷിംലയില്‍
ബിജെപിക്കെതിരെഅടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മല്‍സരിക്കാന്‍ ഇന്ന് പട്‌ന സമ്മേളനത്തില്‍ തീരുമാനമെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആതിഥേയത്വം വഹിച്ച യോഗം തീർന്നശേഷം പൊതുഅജന്‍ഡ തീരുമാനിക്കാന്‍ ജൂലൈ 10 നോ 12നോ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ യോഗം ചേരാനും പ്രതിപക്ഷ ഐക്യം തീരുമാനിച്ചു.
യോഗം അവസാനിച്ച പിന്നാലെ നേതാക്കളെല്ലാം ഒന്നു ചേര്‍ന്ന് വാര്‍ത്താ സമ്മേളനത്തിനെത്തി. ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും മോദിയെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് ഒന്നിച്ചു പോരാടുമെന്ന് രാഹുല്‍ ഗാന്ധിയും ബിജെപിയുടെ ഏകാധിപത്യത്തിനെതിരെ ഒന്നിച്ച് നില്‍ക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞു. രാജ്യത്തുള്ള 17 പ്രതിപക്ഷ പാര്‍ട്ടികളാണ് പട്‌നയിലെ യോഗത്തില്‍ പങ്കെടുത്തത്.