നെയ്മറിന്റെ പരുക്ക് ഭേദമായില്ല; ലോകകപ്പ് പ്രീക്വാര്‍ട്ടർ മത്സരവും നഷ്ടമാകാൻ സാധ്യത

single-img
30 November 2022

ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച രണ്ട് വിജയങ്ങളോടെ ബ്രസീൽ ഖത്തർ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചെങ്കിലും ബ്രസീല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെര്‍ബിയയ്‌ക്കെതിരെ നടന്ന കളിയിൽ പരുക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ പ്രീക്വാര്‍ട്ടറിലും കളിച്ചേക്കില്ലെന്നാണ് സ്പാനിഷ് മാധ്യമ പ്രവര്‍ത്തകനായ ഗിയ്യം ബലാഗെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരുക്ക് ഭേദമായി നെയ്മർ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം തിരിച്ചുവരുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹത്തിന്റെ പരുക്ക് ഭേദമാകാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പരുക്കിന് പുറമെ പനിയും ബാധിച്ചിരുന്നു.അതിനാൽ കഴിഞ്ഞ ദിവസത്തെ സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള മത്സരം കാണാന്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്താന്‍ നെയ്മറിന് കഴിഞ്ഞിരുന്നില്ല.

പ്രാഥമിക ഗ്രൂപ്പ് ജി യില്‍ കാമറൂണുമായാണ് ബ്രസീലിന്റെ അവസാന മത്സരം. അടുത്ത ഘട്ടമായ പ്രീക്വാര്‍ട്ടറില്‍ ഘാനയോ പോര്‍ച്ചുഗലോ ആയിരിക്കും ബ്രസീലിന്റെ എതിരാളികള്‍.