ബ്രസീലിന് തിരിച്ചടിയായി നെയ്മറുടെ പരിക്ക്; സ്വിറ്റ്‌സർലാൻഡിനെതിരെ കളിക്കാനാകില്ല

single-img
25 November 2022

ബ്രസീൽ സൂപ്പർ താരം നെയ്മർക്ക് പരിക്ക് ഭേദമാകാത്തതിനാൽ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരായ മത്സരം നഷ്ടമാകും. കഴിഞ്ഞ ദിവസം സെർബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്. അതേസമയം കാമറൂണിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെയ്മർ തിരിച്ചെത്തുമെന്നാണ് സൂചന.

മത്സരത്തിൽ വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.പരിക്ക് പറ്റിയിട്ടും 11 മിനിറ്റ് കൂടി നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു.തീർത്തും കളിക്കാനാവാതെ വന്നതോടെയാണ് അദ്ദേഹത്തെ പിൻവലിച്ചതെന്നും ടീം ഡോക്ടർ വ്യക്തമാക്കിയിരുന്നു. നെയ്മറെ ടീമിന് ആവശ്യമുള്ളതിനാലാണ് പരിക്കേറ്റിട്ടും അദ്ദേഹം കളിക്കളത്തിൽ തുടർന്നതെന്ന് പരിശീലകൻ ടിറ്റെ പറഞ്ഞു.

സെർബിയൻ താരമായ മിലെൻകോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറുടെ കാലിന് പരിക്കേറ്റത്. മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ പരാജയപ്പെടുത്തിയത്.