ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല; ലോകകപ്പ് കാണാൻ നിബ്രാസ് ഖത്തറിലേക്ക്
ഖത്തര്‍ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയുടെ പരാജയത്തിൽ സങ്കടം സഹിക്കാനാവാതെ വിതുമ്പിയ ബാലന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൃക്കരിപ്പൂര്‍ മണിയനോടി കദീജയുടെയും നൗഫലിന്റെയും മകനായ നിബ്രാസ് ആയിരുന്നു ഇതിലെ താരം. കാസർകോട് ഉദിനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നിബ്രാസ് തന്റെ ഇഷ്ടതാരത്തെ നേരിട്ട് കാണാന്‍ ഇനി ഖത്തറിലേക്ക് പറക്കും. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മത്സരം കാണാന്‍ ഖത്തറിലേക്ക് പറക്കാനുള്ള അവസരമാണ് നിബ്രാസിന് വന്നുചേര്‍ന്നിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ നിബ്രാസിന്റെ സങ്കടം ആരിലും നൊമ്പരം ഉണര്‍ത്തിയും ബ്രസീല്‍ ആരാധകരെ പോലും വിഷമത്തിലാഴ്ത്തിയും ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പിന്നാലെ കുട്ടിക്ക് ആശ്വാസം പകര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെ ഈ കൊച്ചു കൂട്ടുകാരന്‍ താരമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ നേരിട്ടുതന്നെ ആരാധന കഥാപാത്രത്തിനെ കാണാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് നിബ്രാസ്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറിലെത്തിക്കുന്നത്. ‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.