പ്രഖ്യാപനം നടന്ന് ഒൻപത് വർഷമായിട്ടും കോടികൾ ചിലവാക്കിയിട്ടും വെറും വാക്കായി ഭൂതത്താൻകെട്ട് ചെറുകിട ജല വൈദ്യുത പദ്ധതി
കൊച്ചി: പ്രഖ്യാപനം നടന്ന് ഒൻപത് വർഷമായിട്ടും കോടികൾ ചിലവാക്കിയിട്ടും ഭൂതത്താൻകെട്ട് ചെറുകിട ജല വൈദ്യുത പദ്ധതി നടപ്പായില്ല. 24 മെഗാ വാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് 2014 മുതൽ വൈദ്യുതി വകുപ്പ് നൽകുന്ന ഉറപ്പാണ് പാഴാകുന്നത്. ചൈനീസ് കമ്പനിയിൽ നിന്ന് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലെ തടസ്സങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഭൂതത്താൻകെട്ട് ചെറുകിട ജല വൈദ്യുത പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് രണ്ട് വൈദ്യുതി വകുപ്പ് മന്ത്രിമാർ നിയമസഭയിൽ ഉറപ്പ് നൽകിയതാണ്. ഈ വർഷം ഡിസംബറിൽ എന്നാണ് ഏറ്റവും ഒടുവിൽ വൈദ്യുതി മന്ത്രി സഭയിൽ അറിയിച്ചത്. എന്നാൽ, പൂർത്തിയാക്കാത്ത പദ്ധതി പ്രദേശം ആകെ കാട് പിടിച്ച അവസ്ഥയിലാണ്. വൈദ്യതി പ്രതിസന്ധി മുന്നിൽ കാണേണ്ട സമയത്തും ഒരനക്കവുമില്ല.
2014 ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് ഭൂതത്താൻകെട്ട് ചെറുകിട ജല വൈദ്യുത പദ്ധതിക്ക് തുടക്കമിട്ടത്. ഭൂതത്താൻകെട്ട് അണക്കെട്ടിലെ വെള്ളം കെട്ടി നിർത്തുന്നതിന് പകരം ബൾബ് ടർബൈൻ സാങ്കേതിക വിദ്യ വഴി 24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. അണക്കെട്ടിൽ നിന്നും കനാൽ വഴി എത്തിക്കുന്ന വെള്ളം വലിയ പൈപ്പിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പാദനമെന്ന ലക്ഷ്യം ആദ്യമായാണ് സംസ്ഥാനം പരീക്ഷിച്ചത്. കഞ്ചിക്കോട് ആസ്ഥാനമായുള്ള കമ്പനിക്കാണ് 168.61 കോടി രൂപയ്ക്ക് ആദ്യം കരാർ നൽകിയത്. സിവിൽ വർക്കുകളും, പവർ ചാനൽ നിർമ്മാണവും മുന്നേറിയെങ്കിലും കൊവിഡും പ്രളയവും പിന്നെയും വഴിമുടക്കി.
പിന്നാലെ കരാർ കമ്പനി പദ്ധതി ഉപേക്ഷിച്ച് പോയതോടെ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. പിന്നിട് ബോർഡ് തന്നെ പദ്ധതി ഏറ്റെടുത്തെങ്കിലും നിർമ്മാണം തുടങ്ങിയിട്ടില്ല. പദ്ധതി വഴി ഇത് വരെ എത്ര രൂപ നഷ്ടമായെന്നതിനും കണക്കില്ല. സംസ്ഥാനത്തെ പൊതു ഉപയോഗത്തിനായി പ്രതിദിനം 5 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാക്കാനാകുന്ന പദ്ധതിയാണ് പല തട്ടിലുള്ള അനാസ്ഥയിൽ കുടുങ്ങി നിശ്ചലമാകുന്നത്.