നിപ കരുതൽ; കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

single-img
14 September 2023

നിപ ഔദ്യോഗികമായി സ്ഥീരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും.

അതേസമയം, ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താത്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.

നിലവിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകും. നിപ ബാധിച്ച ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ മരുതോങ്കര സ്വദേശിയായ 9 വയസ്സുകാരന്റെ നിലഗുരുതമായി തുടരുകയാണ്. 11 പേരുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ കിട്ടും.