ഒളിവിലിരുന്ന് നിത്യാനന്ദ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; സ്വത്തുക്കൾ സംരക്ഷിക്കേണ്ടതുണ്ടോ എന്ന് കോടതി

single-img
23 October 2024

വിവാദ ആൾദൈവം നിത്യാനന്ദ ഒളിവിൽ ഇരുന്നുകൊണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഒട്ടേറെ കേസുകളിൽ അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും അദ്ദേഹം ഹാജരാകുന്നില്ലെന്നു പറഞ്ഞ കോടതി, ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കൾ സംരക്ഷിക്കേണ്ടതുണ്ടോയെന്നും ചോദിച്ചു.

നിത്യാനന്ദയുടെ ഒരു ശിഷ്യയായ കർണാടക സ്വദേശിനി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.പോക്സോ, ബലാത്സംഗം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ നിത്യാനന്ദ ഏറെക്കാലമായി ഒളിവിലാണ്. 2010ൽ നിത്യാനന്ദയുടെ ഡ്രൈവറുടെ പരാതിയിൽ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം കിട്ടി.

നിത്യാനന്ദ ഇന്ത്യ വിട്ടതായി 2020ൽ ഇതേ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. ഇയാൾ നിലവിൽ എവിടെയാണുള്ളതെന്നു വ്യക്തമല്ല. 2023 ൽ , നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാജ്യമായ കൈലാസയുമായി കരാർ ഒപ്പിട്ട് പാരഗ്വായ് കൃഷിമന്ത്രാലയം പുലിവാലു പിടിച്ചിരുന്നു. സംഭവം വിവാദമായതോടെ വകുപ്പു തലവൻ അർനാൾഡോ ചമോറോയെ നീക്കി.