കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി ഫോണ്‍ വന്നത് കര്‍ണാടകയിലെ ജയിലില്‍ നിന്ന്

single-img
15 January 2023

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കഴിഞ്ഞ ദിവസം വധഭീഷണി ഫോണ്‍ കോള്‍ വന്നത് കര്‍ണാടക ജയിലില്‍ നിന്നെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.സംസ്ഥാനത്തെ ബെലഗാവി ജയിലില്‍ കഴിയുന്ന ജയേഷ് കാന്ത എന്ന ഗുണ്ടാ നേതാവാണ് നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിച്ച് ഗഡ്കരിക്ക് ഭീഷണി സന്ദേശം അയച്ചത്.

നിലവിൽ ഇയാളെ ജയിലിൽ നിന്നും വിട്ട് കിട്ടാന്‍ നാഗ്പൂര്‍ പൊലീസ് കര്‍ണാടകയോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജയേഷ് കാന്ത കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമാണ്. ജയിലിനുള്ളില്‍ ഇയാള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷ്ണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

അന്വേഷണത്തിൽ പ്രതിയില്‍ നിന്നും ജയില്‍ അധികൃതര്‍ ഡയറിയും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഗഡ്കരിയുടെ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം രാവിലെയാണ് ബിഎസ്എന്‍എല്‍ നമ്പറില്‍ നിന്നും മൂന്ന് കോളുകള്‍ എത്തുന്നത്. ഓഫീസിലെ ജീവനക്കാരനാണ് ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്തത്. താന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമാണ്. 100 കോടി രൂപ വേണം. തരാത്ത പക്ഷം മന്ത്രിയെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയത്.