2024ലെ തെരഞ്ഞെടുപ്പിൽ ബിജെപി 50 സീറ്റുകളിലേക്ക് ചുരുങ്ങും: നിതീഷ് കുമാർ

single-img
4 September 2022

2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടിയാൽ ബിജെപി 50 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പട്‌നയിൽ നടന്ന പാർട്ടി ജെഡിയുവിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ബിജെപി വിരുദ്ധ മുന്നണിക്കായി മറ്റ് പാർട്ടികളുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തിങ്കളാഴ്ച ഡൽഹിയിൽ പോകുമെന്നും നിതീഷ് കുമാർ സ്ഥിതീകരിച്ചു.

എന്നാൽ ബിഹാറിൽ ജെഡിയു തകരുമെന്ന് ബിജെപി എംപിയും നിതീഷ് കുമാറിന്റെ മുൻ ഡെപ്യൂട്ടിയുമായ സുശീൽ കുമാർ മോദി തിരിച്ചടിച്ചു. പോസ്റ്ററുകളും ഹോർഡിംഗുകളും ആരെയും പ്രധാനമന്ത്രിയാക്കില്ല എന്നും സുശീൽ കുമാർ മോദി പറഞ്ഞു. ഒരു നേതാവിന് തന്റെ പാർട്ടിയിൽ നിന്ന് 5-10 എംപിമാർ മാത്രമേ ഉള്ളൂവെങ്കിൽ, അയാൾക്ക് എങ്ങനെ പ്രധാനമന്ത്രിയാകും?” നിതീഷ്-ജി വാർത്തകളിൽ നിറയാൻ ആഗ്രഹിക്കുന്നു. തനിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം- സുശീൽ കുമാർ മോദി പറഞ്ഞു.

സുശീൽ മോദി ദിവാസ്വപ്നം കാണേണ്ടതില്ലെന്ന് ജെഡിയു പ്രസിഡന്റ് രാജീവ് രഞ്ജൻ സിംഗ് ലല്ലൻ പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കേന്ദ്രസർക്കാർ നടപടികൾ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ ഭയവും നിരാശയും ആണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.