പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ എന്‍ എ റിമാന്‍ഡ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ എന്‍ എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഡാലോചന നടത്തി, യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു, പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രഹസ്യമായി ആശയവിനിമയം നടത്തി, അറസ്റ്റിലായവരില്‍ നിന്ന് സുപ്രധാന രേഖകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ കണ്ടെത്തി എന്നിങ്ങനെയാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
താലിബാന്‍ മാതൃകയിലെ മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവരെ കേരളത്തില്‍ എത്തിച്ച് പരിശീലനം നടത്തിയെന്നും ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ വിദേശ ഫണ്ട് ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് എന്‍ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് ഉള്ള ബന്ധമാണ് ഇ ഡി പരിശോധിക്കുന്നത്. പി എഫ് നേതാക്കള്‍ക്കെതിരെ രണ്ട് കുറ്റപത്രങ്ങള്‍ ഇ ഡി സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ടും മാദ്ധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ടുമാണ് ഇ ഡി കുറ്റപത്രം.
കൊല്‍ക്കത്തയില്‍ നിന്ന് കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എന്‍ ഐ എ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവരെയും കസ്റ്റഡിയില്‍ എടുത്തവരെയും ഡല്‍ഹി എന്‍ ഐ എ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തിരുന്നു.