എം വി ഗോവിന്ദനെ ഒരു പരിചയവുമില്ല; നേരിട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല: സ്വപ്ന സുരേഷ്
തന്നെ കേസില്‍ കുടുക്കി ഭയപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സ്വപ്ന സുരേഷ് . സിപിഎം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ മാസ്റ്റർ നല്‍കിയ അപകീര്‍ത്തി കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് സ്വപ്നയുടെ ഈ പ്രതികരണം. ഒരു കാര്യവുമില്ലാത്ത പൊലീസ് ചോദ്യങ്ങളാണ് ചോദിച്ചതെന്ന് സ്വപ്ന പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരൊക്കെയാണ് സഹായിക്കുന്നതെന്ന് പൊലീസ് ചോദിച്ചു.
തനിക് എം വി ഗോവിന്ദനെ ഒരു പരിചയവുമില്ല. ഗോവിന്ദനെതിരെ നേരിട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. കേസില്‍ കുടുക്കി ഭയപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സ്വപ്ന പറഞ്ഞു .സംസ്ഥാന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ദൂതനായ വിജേഷ് പിളള വഴി എംവി ഗോവിന്ദന്‍ മാസ്റ്റർ ആവശ്യപ്പെട്ടതായും 30 കോടി വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്ന സുരേഷ് ആരോപിച്ചത്.
എന്നാൽ ഇതിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ പരാതിയിലാണ് സ്വപ്നക്കെതിരെ കേസെടുത്തത്. ഗൂഢാലോചന, കലാപാഹ്വാനം,വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. വിജേഷ് പിളളയും കേസില്‍ പ്രതിയാണ്.