എം ശിവശങ്കറിന് ജാമ്യമില്ല; 5 ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു
ലൈഫ് മിഷന്‍ കോഴ അഴിമതി ആരോപണ കേസില്‍ ഇടിയുടെ അറസ്റ്റിലായ എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിനെ കസ്റ്റഡിയില്‍ നല്കണമെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. 5 ദിവസത്തേക്കാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.
വരുന്ന തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡിയിൽ ആവശ്യമെങ്കില്‍ ശിവശങ്കറിന് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രണ്ട് മണിക്കൂര്‍ വീതം ചോദ്യം ചെയ്ത ശേഷം ഇടവേള അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.
അതേസമയം, തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി 12 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തുവെന്നും ശിവശങ്കര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതി ഇടപെട്ടത്. കേസിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
സ്വപ്ന യുടെ തിരുവനന്തപുരത്തെ ലോക്കറില്‍ നിന്നും ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണ് എന്നാണ് ഇ ഡിയുടെ ആരോപണം. പക്ഷെ താൻ കോഴ വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവശങ്കര്‍.