തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പട്ടു സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാറാണ് കത്ത് വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കോര്പറേഷന് പരിധിയില്‍ ഒഴിവു വന്ന തസ്തികകളിലേക്ക് ആളുകളെ നിയമിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറിക്ക് കത്ത് കൊടുത്ത മേയറുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചത്.
എന്നാൽ കോര്പറേഷന് പരിധിയിലെ വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പുറത്ത് വന്ന കത്ത് വ്യാജമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയെ അറിയിച്ചു. വ്യാജ കത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത് എന്നും, കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയിലേക്ക് കേസ് കൈമാറേണ്ട ഘട്ടം എത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു