ഒരു കേന്ദ്ര ഏജൻസിയും പിണറായി വിജയനെതിരെ ഒരു അന്വേഷണവും നടത്തില്ല: വിഡി സതീശൻ
എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീണ വിജയനെ ചോദ്യം ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു സതീശൻ്റെ പ്രസ്താവന.
കേരളത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രഹസനം മാത്രമാണ് ഇപ്പോൾ നടക്കുന്ന കേസ് അന്വേഷണമെന്നും അദ്ദേഹം ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും സിപിഎമ്മും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയാണെന്ന് വരുത്തിതീർക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത് തന്നെ എല്ലാവരേയും രക്ഷിക്കാനായാണ്.
ഒരു കേന്ദ്ര ഏജൻസിയും പിണറായി വിജയനെതിരെ ഒരു അന്വേഷണവും നടത്തില്ല. കരുവന്നൂരിലും തെരഞ്ഞെടുപ്പിന് മുൻപ് സമാന സംഭവങ്ങൾ നടന്നിരുന്നുവെന്നും ഇഡി അന്വേഷണം നടന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അതേപോലെ, മുഖ്യമന്ത്രി പിണറായി വിജയനും കെ. സുരേന്ദ്രനും പരസ്പരം സഹായിക്കുകയാണെന്നായിരുന്നു സതീശൻ്റെ ആരോപണം. മുഖ്യമന്ത്രി നന്ദിയുള്ളവനാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസിലും കൊടകര കുഴൽപ്പണകേസിലും പിണറായി വിജയൻ രക്ഷിച്ചു. കരുവന്നൂരിലും മഞ്ചേശ്വരത്തും നടത്തിയ അഡ്ജസ്റ്റ്‌മെന്റിന്റെ തുടർച്ചയാണ് പുതിയ നടപടിയെന്നും വി ഡി സതീശൻ വിമർശിച്ചു.