COVID-19 ന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും കൃത്യമായ വിവരമില്ല: അമേരിക്ക
ചൈനയിലെ ഒരു ലാബിൽ നിന്നാണ് കോവിഡ്-19 മഹാവ്യാധി ഉത്ഭവിച്ചതെന്ന കാര്യത്തിൽ കൃത്യമായ തെളിവുകൾ ഇല്ലെന്നു വൈറ്റ് ഹൗസ്. പാൻഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ച് യുഎസ് സർക്കാർ ഇപ്പോഴും അന്വേഷണത്തിലാണ്, ഇത് അക്കാദമിക് വിദഗ്ധർ, രഹസ്യാന്വേഷണ വിദഗ്ധർ, നിയമനിർമ്മാതാക്കൾ എന്നിവർക്കിടയിൽ ശക്തമായ ചർച്ചയ്ക്ക് വിഷയമാണ് എന്നും നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി പറഞ്ഞു.
ചൈനയിലെ ലബോറട്ടറിയിൽ നിന്നുമാണ് ആഗോളതലത്തിൽ 7 ദശലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ, കോവിഡ്-19 ഉത്ഭവിച്ചത് എന്ന് വൈറ്റ് ഹൗസിലും കോൺഗ്രസിലെ പ്രധാന അംഗങ്ങൾക്കും അടുത്തിടെ നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് ഫെബ്രുവരി 26 നു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബിയുടെ പ്രതികരണം.
ഇന്റലിജൻസ് വിഭാഗവും സർക്കാരിന്റെ മറ്റു ഏജൻസികളും ഇപ്പോഴും ഇത് അന്വേഷിക്കുകയാണ്. കൃത്യമായ ഒരു നിഗമനം ഉണ്ടായിട്ടില്ല, അതിനാൽ എനിക്ക് പറയാൻ ബുദ്ധിമുട്ടാണ്- കിർബി പറഞ്ഞു.
മധ്യ ചൈനയിലെ വുഹാൻ നഗരത്തിലെ ഹുവാനൻ മാർക്കറ്റാണ് പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രം എന്നാണു പൊതുവെ അനുമാനിക്കപ്പെടുന്നത്. SARS-CoV-2 വൈറസ് 2019 അവസാനത്തോടെ വുഹാനിലെ മറ്റ് സ്ഥലങ്ങളിലേക്കും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.