മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ല; പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ: മുഖ്യമന്ത്രി

single-img
23 December 2023

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി.ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ല.പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്.അങ്ങിനെ അല്ലെന്ന് തെളിയിക്കൂ,ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയുടെ വീട്ടിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും, കുറുപ്പംപടിയില്‍ നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നവകേരള യാത്രയിൽ ജനങ്ങളെ കാണുന്നതിനൊപ്പം കഴിഞ്ഞവർഷത്തെ വികസനപദ്ധതികൾ നേരിട്ട് മനസിലാക്കാൻ മന്ത്രിമാർക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

‘ദേശീയപാത വികസനത്തിന്റ പൂർത്തീകരണം വാഹനം നിർത്തി കാണുകയുണ്ടായി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ ഈ പാത കൊണ്ടായി. ഇത് 2016ൽ സർക്കാരിന്റെ ഇടപെടൽ കൊണ്ട് നടന്നതാണ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത തരത്തിൽ സ്ഥലമേറ്റെടുപ്പിന്റെ നഷ്ടപരിഹാരത്തുകയിൽ 25 ശതമാനവും സംസ്ഥാനമാണ് വഹിച്ചത്. ഇതുവരെ 5580 കോടി 74 ലക്ഷം രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്.പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. അതും പ്രശ്‌നങ്ങൾ നേരിട്ട പദ്ധതിയാണ്. വ്യാവസായിക ഇടനാഴി സാക്ഷാത്കരിക്കപ്പെടുന്നതിലൂടെ പാലക്കാട് മാത്രം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകാൻ പോകുന്നത്.

നികുതിയിനത്തിൽ 555 കോടി സർക്കാരിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കൊച്ചി- ബംഗളൂരു ഇടനാഴിയുടെ ഭാഗമായി രാജ്യത്തെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിൽ ആദ്യത്തെയുമായ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കിഫ്‌ബി വഴി 850 കോടിയാണ് ചെലവഴിക്കുന്നത്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു.മലയോര മേഖലയിലെ വികസനത്തിനായി 13 ജില്ലകളിലായി 1251 കിലോമീറ്റർ ദൂരത്തിൽ 3500 കോടി രൂപ ചെലവിൽ മലയോര ഹൈവേ നിർമിക്കുകയാണ്. ഇതിൽ 133.66 കിലോമീറ്റർ പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുത്തു.

തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് തലപ്പാടി വരെയുള്ള തീരദേശ പാത തീരദേശ മേഖലയുടെ അടിസ്ഥാന വികസനത്തിന് വലിയ പങ്ക് വഹിക്കും. ഈ പദ്ധതിക്കായി 2017ലെ സംസ്ഥാന ബഡ്‌ജറ്റിൽ 6500 കോടി രൂപയുടെ തത്ത്വത്തിലുള്ള അനുമതി നൽകിയിട്ടുണ്ട്. വലിയ പിന്തുണയാണ് വമ്പിച്ച പങ്കാളിത്തത്തിലൂടെ നവകേരള സദസിൽ ജനങ്ങൾ നൽകിയത്. ശക്തമായ ജനവികാരമാണ് പ്രകടമായത്.’- മുഖ്യമന്ത്രി വ്യക്തമാക്കി.