നടപടിയെടുക്കാൻ ആവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ കണ്ടെത്താനായില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
3 October 2022

കേന്ദ്രം നിരോധനം ഏർപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷനിൽ എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യമായ പോപ്പുലര്‍ ഫ്രണ്ടുമായി കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് ഒരു മാധ്യമത്തിനോട് പറഞ്ഞത്.

‘പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി സ്വീകരിച്ചത് ഞങ്ങള്‍ക്കറിയാം. എന്നാൽ എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഇതേവരെ നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ കണ്ടെത്താനായിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ല’, രാജീവ് കുമാര്‍ പറഞ്ഞു.

2010 ഏപ്രില്‍ 13നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. കേരളം, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കോര്‍പ്പറേഷനുകളിലും പഞ്ചായത്തുകളിലും എസ്ഡിപിഐക്ക് നിലവിൽ ജനപ്രതിനിധികളുണ്ട്.