മോദി മാത്രമല്ല ഇന്ത്യ, ഒന്നോ രണ്ടോ പേരടങ്ങിയതുമല്ല രാജ്യം; എത്ര കേസുകൾ ചുമത്തിയാലും പ്രശ്നമില്ല: രാഹുൽ ഗാന്ധി

single-img
20 March 2023

പ്രധാനമന്ത്രിയായ മോദിയെ വിമര്‍ശിച്ചാല്‍ അത് രാജ്യത്തെ വിമര്‍ശിക്കുകയാണെന്ന് പറയുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മോദി എന്ന വ്യക്തി ഇന്ത്യയിലെ പൗരൻ മാത്രമാണ്. ഈ രാജ്യത്തെ 140 കോടി ജനങ്ങളെ ബിജെപിയും ആര്‍എസ്എസും മറന്നു പോയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പ്രസ്തുത ചടങ്ങിൽ കൈത്താങ്ങ് പദ്ധതിയിലൂടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാന പരിപാടി ഗാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. രാഹുലിന്റെ വാക്കുകൾ: ‘മോദി മാത്രമല്ല ഇന്ത്യ, ഒന്നോ രണ്ടോ പേരടങ്ങിയതുമല്ല രാജ്യം. ആര്‍എസ്എസിനേയും ബിജെപിയേയും പ്രധാനമന്ത്രിയേയും വിമര്‍ശിച്ചാല്‍ രാജ്യത്തെ വിമര്‍ശിക്കുകയാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല.

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളേയും ജനാധിപത്യ സംവിധാനത്തേയും ആക്രമിക്കുന്നത് ആര്‍എസ്എസും ബിജെപിയുമാണ്. ഈ കാര്യം തുറന്നുപറയുന്നത് അവസാനിപ്പിക്കുകയില്ല. ബിജെപി, ആര്‍എസ്എസ്, പൊലീസ് എന്ന് കേള്‍ക്കുമ്പോള്‍ പലരും ഭയപ്പെടുന്നവരാണ്. ഞാൻ അത്തരത്തില്‍ ഭയപ്പെടുന്നയാളല്ല . പൊലീസിനെ എത്ര തവണ വീട്ടിലേക്കയച്ചാലും എത്ര കേസുകള്‍ എന്റെ പേരില്‍ ചുമത്തിയാലും പ്രശ്‌നമില്ല. സത്യം തുറന്നുപറയുക തന്നെ ചെയ്യും.”