സിപിഎം എത്ര സ്തൂപങ്ങള്‍ തകര്‍ത്താലും ഇല്ലാതാകുന്നതല്ല ഉമ്മന്‍ചാണ്ടിയെ കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രം: കെ സുധാകരൻ

single-img
17 August 2023

നെയ്യാറ്റിന്‍കരയ്ക്ക് സമീപം പൊന്‍വിളയില്‍ സ്ഥാപിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ വിമര്ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.

ഉമ്മന്‍ചാണ്ടിയെ സിപിഎം എത്രത്തോളം ഭയക്കുന്നതിന് തെളിവാണ് പൊന്‍വിളയില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ സ്തൂപം തകര്‍ത്ത സംഭവമെന്ന് സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ജനസ്വീകാര്യത സിപിഎമ്മിനെ എന്നും വിറളിപിടിപ്പിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹത്തിന്റെ മരണശേഷവും അത് തുടരുകയാണ്.

സിപിഎം എത്ര സ്തൂപങ്ങള്‍ തകര്‍ത്താലും ഇല്ലാതാകുന്നതല്ല ഉമ്മന്‍ചാണ്ടിയെ കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രം. ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച നന്മ കോണ്‍ഗ്രസിലൂടെ തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് സിപിഎമ്മിനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്.ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ.സുധാകന്‍ എംപി. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയുമില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയത് ഇവിടത്തെ എല്‍ഡിഎഫ് ഭരണമാണ്.

ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്തൂപം തകര്‍ത്ത സംഭവമെന്ന് അദ്ദേഹം ആരോപിച്ചു.